ചന്ദ്രന്റെ പ്രധാനസവിശേഷതകളിൽ ഒന്നാണ് ചന്ദ്രന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം. ചന്ദ്രനെക്കാണാൻ കഴിയാത്ത അമാവാസിയിൽ തുടങ്ങി പിന്നീട് കുറേശേ വലുതായി വലുതായി പൗർണ്ണമി ദിവസം പൂർണ്ണചന്ദ്രനാകുന്നു. അത് കഴിഞ്ഞ് വീണ്ടും ചെറുതായി ചെറുതായി അടുത്ത അമാവാസിയിൽ ചന്ദ്രനെ വീണ്ടും കാണാതാകുന്നു. ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾ (Waxing and Waning) എന്നാണിത് അറിയപ്പെടുന്നത്.
ഭൂമിയിലെപ്പോലെ തന്നെ ചന്ദ്രനിലും രാത്രിയും പകലുമുണ്ട്. സൂര്യനെ അഭിമുഖീകരിക്കുന്ന ഭാഗം -പകൽ, എതിർഭാഗം- രാത്രി.
ഭൂമിയെ ചുറ്റുന്ന അതേ സമയം കൊണ്ടു തന്നെയാണ് ചന്ദ്രൻ സ്വയം കറങ്ങുന്നതും., അതിനാൽ തന്നെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ എല്ലായ്പ്പോഴും ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാൻ കഴിയു.ഈ വശത്ത് പ്രകാശം എല്ലായിടത്തും എപ്പോഴും വീഴില്ല.
ഭൂമിയിൽ നിന്നു കാണുന്ന ചന്ദ്രന്റെ മുഖത്ത് പൂർണ്ണമായും സൂര്യപ്രകാശം വീഴുന്ന ദിവസം ചന്ദ്രബിംബത്തെ പൂർണ്ണമായും കാണാം- അന്നാണ് പൗർണ്ണമി. നേരെമറിച്ച് ഈ വശം പൂർണ്ണമായും ഇരുട്ടിലാണെങ്കിലോ? അന്നു ചന്ദ്രനെക്കാണാൻ കഴിയില്ല-അതാണ് അമാവാസി.
എന്നാൽ ഇതിനിടയിലുള്ള അർധചന്ദ്രൻ, തേങ്ങാപ്പൂൾ ചന്ദ്രൻ ഇതൊക്കെ എങ്ങനെയാ ഉണ്ടാകുന്നത്?
നമ്മെ അഭിമുഖീകരിക്കുന്ന ഭാഗം എല്ലായ്പ്പോഴും പൂർണ്ണമായ് ഇരുട്ടിലോ വെളിച്ചത്തോ ആകണമെന്നില്ല എന്നു പറഞ്ഞല്ലോ.
ചന്ദ്രന്റെ ഭൂമിയെ അഭിമുഖീകരിക്കുന്ന വശത്ത്, വെളിച്ചം വീഴുന്നഭാഗം മാത്രമേ നമുക്ക് കാണാൻ കഴിയൂ. അതായത് അർധചന്ദ്രനെക്കാണുന്ന ദിവസം, ഭൂമിക്കഭിമുഖമായ വശത്തിന്റെ പകുതിഭാഗത്തുമാത്രമേ സൂര്യപ്രകാശം പതിക്കുകയുള്ളു. ബാക്കി ഇരുട്ടിലായിരിക്കും.. തേങ്ങാപ്പൂളാകുമ്പോൾ. ചന്ദ്രന്റെ പകലിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്കഭിഖമായി ഉണ്ടാവുകയുള്ളൂ.
നമ്മൾ ചന്ദ്രനെക്കാണുമ്പോഴെല്ലാം നാം ചന്ദ്രന്റെ പകൽഭാഗമാണ് കാണുക. ചന്ദ്രൻ ഭൂമിയെചുറ്റുന്നതിനാൽ ചന്ദ്രന്റെ പകൽ എല്ലായ്പ്പോഴും ഭൂമിയിൽ നിന്ന് കാണുന്ന വശത്തകണമെന്നില്ല. അതിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് ചന്ദ്രന്റെ ആകൃതി വ്യത്യാസങ്ങൾക്ക്- വൃദ്ധി ക്ഷയങ്ങൾക്ക് കാരണമാകുന്നത്.

