Saturday, November 14, 2015


ചന്ദ്രന്റെ പ്രധാനസവിശേഷതകളിൽ ഒന്നാണ് ചന്ദ്രന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം. ചന്ദ്രനെക്കാണാൻ കഴിയാത്ത അമാവാസിയിൽ തുടങ്ങി പിന്നീട് കുറേശേ വലുതായി വലുതായി പൗർണ്ണമി ദിവസം പൂർണ്ണചന്ദ്രനാകുന്നു. അത് കഴിഞ്ഞ് വീണ്ടും ചെറുതായി ചെറുതായി അടുത്ത അമാവാസിയിൽ ചന്ദ്രനെ വീണ്ടും കാണാതാകുന്നു. ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾ (Waxing and Waning) എന്നാണിത് അറിയപ്പെടുന്നത്.
ഭൂമിയിലെപ്പോലെ തന്നെ ചന്ദ്രനിലും രാത്രിയും പകലുമുണ്ട്. സൂര്യനെ അഭിമുഖീകരിക്കുന്ന ഭാഗം -പകൽ, എതിർഭാഗം- രാത്രി.
ഭൂമിയെ ചുറ്റുന്ന  അതേ സമയം കൊണ്ടു തന്നെയാണ് ചന്ദ്രൻ സ്വയം കറങ്ങുന്നതും., അതിനാൽ തന്നെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ എല്ലായ്പ്പോഴും ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാൻ കഴിയു.
ഈ വശത്ത് പ്രകാശം എല്ലായിടത്തും എപ്പോഴും വീഴില്ല.
ഭൂമിയിൽ നിന്നു കാണുന്ന ചന്ദ്രന്റെ മുഖത്ത് പൂർണ്ണമായും സൂര്യപ്രകാശം വീഴുന്ന ദിവസം  ചന്ദ്രബിംബത്തെ പൂർണ്ണമായും കാണാം- അന്നാണ് പൗർണ്ണമി. നേരെമറിച്ച് ഈ വശം പൂർണ്ണമായും  ഇരുട്ടിലാണെങ്കിലോ? അന്നു ചന്ദ്രനെക്കാണാൻ കഴിയില്ല-അതാണ് അമാവാസി.
എന്നാൽ ഇതിനിടയിലുള്ള അർധചന്ദ്രൻ, തേങ്ങാപ്പൂൾ ചന്ദ്രൻ ഇതൊക്കെ എങ്ങനെയാ ഉണ്ടാകുന്നത്?
നമ്മെ അഭിമുഖീകരിക്കുന്ന ഭാഗം എല്ലായ്പ്പോഴും പൂർണ്ണമായ് ഇരുട്ടിലോ വെളിച്ചത്തോ ആകണമെന്നില്ല എന്നു പറഞ്ഞല്ലോ.
ചന്ദ്രന്റെ ഭൂമിയെ അഭിമുഖീകരിക്കുന്ന വശത്ത്, വെളിച്ചം വീഴുന്നഭാഗം മാത്രമേ നമുക്ക് കാണാൻ കഴിയൂ. അതായത് അർധചന്ദ്രനെക്കാണുന്ന ദിവസം, ഭൂമിക്കഭിമുഖമായ വശത്തിന്റെ പകുതിഭാഗത്തുമാത്രമേ സൂര്യപ്രകാശം പതിക്കുകയുള്ളു. ബാക്കി ഇരുട്ടിലായിരിക്കും.. തേങ്ങാപ്പൂളാകുമ്പോൾ. ചന്ദ്രന്റെ പകലിന്റെ ചെറിയൊരു ഭാഗം മാത്രമേ നമുക്കഭിഖമായി ഉണ്ടാവുകയുള്ളൂ.
നമ്മൾ ചന്ദ്രനെക്കാണുമ്പോഴെല്ലാം നാം ചന്ദ്രന്റെ പകൽഭാഗമാണ് കാണുക. ചന്ദ്രൻ ഭൂമിയെചുറ്റുന്നതിനാൽ ചന്ദ്രന്റെ പകൽ എല്ലായ്പ്പോഴും ഭൂമിയിൽ നിന്ന് കാണുന്ന വശത്തകണമെന്നില്ല. അതിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് ചന്ദ്രന്റെ ആകൃതി വ്യത്യാസങ്ങൾക്ക്- വൃദ്ധി ക്ഷയങ്ങൾക്ക് കാരണമാകുന്നത്.

Friday, November 13, 2015

ഋതുക്കൾ ഉണ്ടാകാൻ കാരണം എന്താണ്.


വേനൽ, മഞ്ഞുകാലം ഇതൊക്കെ മാറി വരുന്നത് എന്തുകൊണ്ടാണ്?
മെയ് മാസം നല്ല ചൂടുള്ള മാസവും ഡിസംബർ തണുപ്പുള്ളതും ആയതെങ്ങിനെ?
ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘവൃത്തപാതയിൽ ആയതിനാലാണ് സീസൺ ഉണ്ടാകുന്നതെന്ന ഒരു തെറ്റിദ്ധാരണ പരക്കെയുണ്ട്.
ഭൂമിയും സൂര്യനും ഏറ്റവും അടുത്ത് വരുമ്പോൾ അവർ തമ്മിലുള്ള അകലം 147 മില്യൺ (14.7 കോടി) കിലോമീറ്ററാണ്. ഏറ്റവും അകന്ന് നിൽക്കുന്ന സമയത്ത് 152 മില്യൺ കിലോമീറ്ററും. അതായത് അപ് ഹീലിയൺ അകലവും പെരിഹീലിയൺ അകലവും തമ്മിൽ ഏകദേശം 50 ലക്ഷം കിലോമീറ്റർ വ്യത്യാസമുണ്ട്. അതായത് അടുത്ത് വരുമ്പോൾ ചൂട് കൂടണം അകലുമ്പോൾ കുറയുകയും വേണം.
എന്നാൽ ഇതിനു കടകവിരുദ്ധമായ ഒരു കണക്കുകൂടി നോക്കാം. നമുക്ക് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മെയ് മാസത്തിൽ സൂര്യനിലേക്കുള്ള ദൂരം,151 മില്യൺ കി.മി. ആണ്. ഏറ്റവും തണുപ്പനുഭവപ്പെടുന്ന ഡിസംബറിൽ അകലം147.1 മില്യൺ കി.മി. ആണ്.  സൂര്യനിൽ നിന്ന് ദൂരെപ്പോയപ്പോൾ ചൂട് കൂടുകയും ആടുത്തപ്പോൾ തണുക്കുകയും ചെയ്യുന്നു! അതായത് ഋതുക്കൾ മാറി വരുന്നതിനു കാരണം മറ്റെന്തോ ആണ്.

ഋതുക്കൾ മാറാനുള്ള കാരണം അച്ചുതണ്ടിന്റെ 23.5 ഡിഗ്രീ ചെരിവാണ്. ഈ ചെരിവ് അതേപടി നിലനിർത്തിക്കൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റുന്നത്. ഒരു വർഷത്തിന്റെ പകുതിയിൽ ഉത്തരാർദ്ധഗോളം(ഉത്തരധ്രുവം) സൂര്യന്റെ നേർക്കും മറുപകുതിയിൽ സൂര്യനെതിരേയ്ക്കും ആണ്  ചെരിഞ്ഞിരിക്കുന്നത്. ഉത്തരാർദ്ധഗോളം സൂര്യനു നേരെ തിരിഞ്ഞിരിക്കുമ്പോൾ, സൂര്യ രശ്മികൾ ഉത്തരാർദ്ധഗോളത്തിൽ കൂടുതൽ ലംബമായാണ് പതിക്കുന്നത്. എന്നാൽ ദക്ഷിണാർദ്ധഗോളത്തിൽ ചെരിഞ്ഞ് മാത്രമേ പതിക്കുള്ളൂ.  ഇത് കാരണം ഉത്തരാർദ്ധഗോളത്തിൽ ചൂടു കൂടുതലായിരിക്കും. എന്നാൽ ഈ സമയത്ത് ദക്ഷിണാർദ്ധഗോളം സൂര്യനിൽ നിന്ന് എതിർ ദിശയിലേക്ക് ചെരിഞ്ഞായിരിക്കും ഉണ്ടാവുക. അതുകൊണ്ട് ഉത്തരാർദ്ധഗോളത്തെ അപേക്ഷിച്ച് അവിടെ ചൂടു കുറഞ്ഞിരിക്കും. അടുത്ത ആറുമാസക്കാലം സംഗതി നേരെ തിരിയും. തുടർച്ചയായ ഈ മാറ്റമാണ് ഋതുക്കൾ ഉണ്ടാക്കുന്നത്.

വർഷത്തിന്റെ പകുതി സമയം സൂര്യൻ ഭൂമധ്യരേഖക്ക് വടക്കുഭാഗത്തും ബാക്കി പകുതി സമയം തെക്കുഭാഗത്തുമായിരിക്കും. വർഷത്തിൽ രണ്ട് ദിവസം മാത്രമേ സൂര്യൻ കൃത്യം ഭൂമധ്യരേഖക്ക് മുകളിൽ വരൂ. ഈ രണ്ട് ദിവസങ്ങളാണ് വിഷുവങ്ങൾ.
ഉത്തരാർദ്ധഗോളം പരമാവധി സൂര്യനിലേക്ക് തിരിഞ്ഞിരിക്കുന്ന ദിവസത്തെ സമ്മർ സോൾസ്റ്റിസ് എന്നും, ദക്ഷിണാർദ്ധഗോളം തിരിഞ്ഞിരിക്കുന്ന ദിവസത്തെ വിന്റർ സോൾസ്റ്റിസ് എന്നും വിളിക്കുന്നു.

Friday, November 6, 2015

അച്ചുതണ്ടിന്റെ ചെരിവ്

ഭൂമിയുടെ അച്ചുതണ്ട് (Axis of Earth) 23.5 ഡിഗ്രീ ചെരിഞ്ഞിട്ടാണെന്ന് നമുക്കറിയാം. എവിടെയാണീചെരിവ്? ഗ്ലോബിലുംകണ്ടിട്ടുണ്ടാവും മോഹൻലാലിനെപ്പോലെ ചെരിഞ്ഞിട്ട്.
എന്താണീ ചെരിവ് എന്ന് നോക്കാം. ഭൂമി സ്വയം അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ കറങ്ങുന്നുണ്ട്. ഒപ്പം സൂര്യനുചുറ്റും പരിക്രമണം(Revolution) ചെയ്യുന്നുമുണ്ട്. സൂര്യനുചുറ്റും ഉള്ള ദീർഘവൃത്തപാതയെ ഒരു പ്രതലമായി കാണക്കാക്കാം. ഇതിനെ ഓർബിറ്റൽ പ്ലെയിൻ എന്നു വിളിക്കുന്നു. ഈ ഓർബിറ്റൽ പ്ലെയിന് ഒരു ലംബം (Perpendicular) വരക്കാം. ഈ ലംബ രേഖയും ഭൂമിയുടെ അച്ചുതണ്ടുമായി ഉണ്ടാക്കുന്ന കോണളവാണ് 23.5 ഡിഗ്രീ. അതായത് ഭൂമിയുടെ ഓർബിറ്റൽ പ്ലെയിനിൽ നിന്നും 23.5 ഡിഗ്രീ ചെരിഞ്ഞാണ് ഭൂമിയുടെ അച്ചു തണ്ടുള്ളത്.
(ഒരു പ്രതലവുമായുള്ള കോണളവ് പറയുമ്പോൾ പ്രതലത്തിന്റെ ലംബവുമായുള്ള കോണളവ് എന്ന് എടുത്ത് പറയേണ്ടതില്ല)
ഭൂമി സൂര്യനെ ചുറ്റുമ്പോഴെല്ലാം തന്നെ ഈ ചെരിവ് കൃത്യമായി നിലനിർത്തിക്കൊണ്ടാണ് കറങ്ങുന്നത്. ഈ ചെരിവാണ് സീസൺസ് ഉണ്ടാകാൻ കാരണം.


Thursday, May 21, 2015

സൂര്യനും 8 ഗ്രഹങ്ങളും നോട്ടുബുക്കിൽ വരക്കാമോ?

സൂര്യനും 8 ഗ്രഹങ്ങളും നോട്ടുബുക്കിൽ വരക്കാമോ?
വരക്കുമ്പോൾ ഒരു നിയമമുണ്ട്. അകലങ്ങളൊക്കെ അനുപാതത്തിൽ ആയിരിക്കണം.
സൂര്യൻ നടുക്ക്. ആദ്യത്തെ ഗ്രഹമായ ബുധനിലേക്കുള്ള ദൂരം 57909227 കിലോ മീറ്റർ ആണ്. ബുധനിലേക്കുള്ള ദൂരം 1cm ൽ അടയാളപ്പെടുത്തുന്നു. ബുധന്റെ പരിക്രമണപാത ഒരു സെന്റിമീറ്റർ റേഡിയസുള്ള വൃത്തം. 
ഇനി ഇതേ കണക്കിൽ ബാക്കി കൂടി നോക്കാം.
അതായത് ബുധനിലേക്കുള്ള ദൂരം 1 cm ആണെങ്കിൽ ആനുപാതികമായി മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൂരം.ശുക്രന്റെ പാതക്ക് 1.8 cm റേഡിയസുള്ള വൃത്തം.ഭൂമിക്ക് 2.5cmചൊവ്വ 3.9 cmവ്യാഴം 13cmശനി 24.6 cm ഒരു A4 പേപ്പറിൽ ശനിയുടെ പാത മുഴുവനായും വരക്കാൻ കഴിയില്ല.നെപ്റ്റ്യൂണിന്റെ പാത വരെ വരക്കണമെങ്കിൽ 77 cm വശമുള്ള പേപ്പർ വേണം.സാധാരണ പുസ്തകങ്ങളിൽ കാണാറുള്ള ചിത്രം അനുപാതത്തിലല്ലെന്ന് മനസിലായിക്കാണുമല്ലോ


ശനി വരെയുള്ള ഗ്രഹങ്ങൾ A 4  പേപ്പറിൽ